
നമുക്ക് നമ്മുടെ പരിശീലനങ്ങളില്‍ സ്ഥിരമായി ജേണലിലും വര്‍ക്ക് ബുക്കിലും നോട്ടുകളിലും എഴുതുവാനുള്ള ഒരു പേന വേണം. വെറുമൊരു പേന പോരാ, നമ്മുടെ വിജയ യാത്രയില്‍ നമുക്ക് സഹയാത്ര ചെയ്യുന്ന, നമ്മളും നമ്മുടെ കടലാസ്സു തട്ടകവുമായി സംവദിക്കുവാനുള്ള നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമാകുവാന്‍ യോഗ്യതയുള്ള ഒരു പേന. ആ പേന വാങ്ങല്‍ തന്നെ നമ്മുടെ ഒരു പരിശീലനം ആകട്ടെ.
നാം ഓടിപ്പോയി ഒരു പേന വാങ്ങുകയല്ല വേണ്ടത്. അല്പം സമയമെടുത്ത്, ഉപയോഗിച്ച് തൃപ്തിപ്പെട്ടു, കണ്ടു ബോദ്ധ്യപ്പെട്ടു കയ്യിലോ കുപ്പായത്തിലോ അണിഞ്ഞു മേനി നോക്കി വേണം വാങ്ങുവാന്‍. അതിനായി അല്പം സമയം നാം മാറ്റി വയ്ക്കണം. വാങ്ങുവാന്‍ പോകുന്നതിനു മുമ്പ്, ഏത് തരം പേന വേണം എന്ന് മനസ്സില്‍ ഒന്ന് ഭാവന ചെയ്യുക. പേനയുടെ നിറം, മഷിയുടെ നിറം, അതിന്റെ ഉപയോഗിക്കുവാനുള്ള സുഖം, കയ്യില്‍ ഒതുങ്ങുന്ന വിധം, മഷിയുടെ മണം അങ്ങനെ എല്ലാം ഭാവന ചെയ്യുക. ശേഷം, എപ്പോള്‍ വാങ്ങണം എന്നും എവിടെ നിന്നും വാങ്ങണം എന്നും ആലോചിച്ചു ഉറയ്ക്കുക. അതിനു ശേഷം, വാങ്ങണം എന്നുള്ള തീരുമാനം മനസ്സിലുറപ്പിച്ചു അന്നത്തെ ദിവസം കിടക്കുന്നതിനു മുന്‍പ്, അതുവരെ ഭാവന ചെയ്തു വച്ച എല്ലാം ഒന്ന് കൂടി ഭാവന ചെയ്തു, ആ വാങ്ങല്‍ പ്രകൃതിയുടെ മുന്നില്‍ അവതരിപ്പിച്ചതിനു ശേഷം കിടന്നുറങ്ങുക.
പിറ്റേന്ന്, അല്ലെങ്കില്‍ വാങ്ങുവാന്‍ തീരുമാനിച്ച ദിവസം രാവിലെ എഴുന്നേറ്റു നമ്മുടെ ഭാവനകള്‍ അയവിറക്കുക. ശേഷം വാങ്ങുവാനുള്ള ഒരു സമയം തീരുമാനിക്കുക. അന്നത്തെ കാര്യപരിപാടിയില്‍ അതിനായി അല്‍പ സമയം മാറ്റി വയ്ക്കുക. വാങ്ങുന്ന സ്ഥലം, എത്തുവാനുള്ള യാത്രയുടെ സമയം എന്നിങ്ങനെ എല്ലാം ഒന്ന് ആസൂത്രണം ചെയ്യുന്നത് നന്നായിരിക്കും. ആ സമയമാകുമ്പോള്‍ നാം വാങ്ങുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ചെന്നെത്തുക. കടയില്‍ കയറി കടക്കാരനെ നോക്കി ചിരിക്കുക. നമ്മുടെ ആവശ്യം പറയുക. “നല്ലൊരു പേന വേണം”. മനസ്സില്‍ ഒരു ബ്രാന്‍ഡ് ഉണ്ടെങ്കില്‍ അത് കൂടി പറയുക. ശേഷം, മനസ്സില്‍ ഉദ്ദേശിച്ചിട്ടുള്ള മാതൃകയുടെ പ്രത്യേകതകള്‍ കൂടി (സ്പെസിഫിക്കേഷന്‍) കൂടി പറയുക.
ശേഷം പേന കയ്യില്‍ എടുത്തു ഭംഗി നോക്കുക. പതിയെ പേനയുടെ പാക്കറ്റും മൂടിയും തുറന്നു കെട്ടും മട്ടും നോക്കിയതിനു ശേഷം എഴുതി തുടങ്ങുക. കയ്യില്‍ ഒതുക്കവും എഴുതുന്നതിന്റെ സൌകര്യവും നോക്കുക. എല്ലാം കൊണ്ട് തൃപ്തികരമായാല്‍ അതിനെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുക. തൃപ്തികരമല്ലെങ്കില്‍, ഇത് മതി എന്ന് കരുതാതിരിക്കുക. അടുത്ത ഒരു മോഡല്‍ ചോദിക്കുക. മനസ്സിന് തൃപ്തികരമാകും വരെ അത് തുടരുക. വില ഒരു മുഖ്യ വിഷയമാക്കരുത്. നിങ്ങളുടെ തൃപ്തിക്കുള്ള ആ പേന ആ കടയില്‍ ഇല്ലെങ്കില്‍ അടുത്ത കടയിലേക്ക് നടക്കുവാന്‍ മടിക്കേണ്ടതില്ല. അങ്ങനെ തൃപ്തമായ ഒന്നിനെ കണ്ടെത്തി സ്വാഗതം ചെയ്തു ബാഗില്‍ സൂക്ഷിക്കുക. വീട്ടിലെത്തിയാല്‍ ആ പേന സ്നേഹപൂര്‍വ്വം എടുത്തു അതിനൊരു വിശിഷ്ട സ്ഥാനം കണ്ടെത്തി അവിടെ സൂക്ഷിക്കുക. എല്ലാ ദിവസവും അതുപയോഗിച്ചാലും ഇല്ലെങ്കിലും എടുത്തു തുടച്ചു ബന്ധുത്വം മനസ്സില്‍ വച്ച് താലോലിച്ചു തിരികെ വയ്ക്കുക.
ഇങ്ങനെ വേണം നാം നമ്മുടെ പേനയുമായി ജീവിതം തുടങ്ങുവാന്‍. പേനയും ഒത്തുള്ള ജീവിതകാലത്തെ എങ്ങനെ കാണണം എന്നത് മറ്റൊരിക്കല്‍ പറയാം… എന്താ?
ഒരു പേന വാങ്ങുവാന്‍ ഇത്രയുമൊക്കെ ചെയ്യണമോ എന്ന് ചിന്തിച്ചേക്കാം. ഇവിടെ ഒരു പേനയുടെ കാര്യം പറഞ്ഞു തുടങ്ങി എന്ന് മാത്രം. ഇത് ആ പേനയുടെ മാത്രം കാര്യമല്ല, നിങ്ങള്‍ ജീവിതത്തിലേക്ക് എന്ത് കൊണ്ടു വരുമ്പോഴും പാലിക്കാവുന്ന ഒന്നാണ്. അപ്പോള്‍ വേണ്ടത് മാത്രമേ ജീവിതത്തിലേക്ക് വരികയുള്ളൂ. വരുന്നവയ്ക്ക് എപ്പോഴും പ്രാധാന്യം ഉണ്ടാകുകയും ചെയ്യും. വേണ്ടാത്തവ ജീവിതത്തില് ഇല്ലാതെയാകുമ്പോള്‍ , ശരിയായി ഉപയോഗിക്കും. സമ്മര്‍ദ്ദം കുറയും. പാഴാകുന്നത് കുറയും. ആദ്യമൊക്കെ ഇതൊക്കെ ഇങ്ങനെ നാം ക്രമമായി ചെയ്തു തുടങ്ങും. പിന്നീടു നാം സ്വന്തമാക്കുന്നതെല്ലാം ഒരു ക്രമത്തില്‍ ആകും. കുറെ കഴിയുമ്പോള്‍ ഇതൊന്നും ഓര്‍ത്തു ആസൂത്രണം ചെയ്യേണ്ടി വരില്ല, ചെയ്യുവാനും പാടില്ല. അതെല്ലാം സ്വാഭാവികമായി സംഭവിച്ചുകൊള്ളും. അപ്പോള്‍ ഭാവന ചെയ്യലും തെരഞ്ഞെടുപ്പും ഒക്കെ നാം ഒഴിവാക്കും. ശരിയായത് നമുക്ക് വന്നു ചേരും എന്ന് നമുക്ക് ബോദ്ധ്യമാകും. വസ്തുക്കള്‍ക്കും അപ്പുറം ബന്ധങ്ങള്‍ ഒക്കെ അപ്പോഴാണ് ഈ വിധത്തില്‍ ജീവിതത്തില്‍ നടപ്പിലാകുക. .
അപ്പോള്‍ എന്താ തുടങ്ങുകയല്ലേ?
ഒരു പേന വാങ്ങുന്ന കാര്യം ഇന്ന് തന്നെ ഭാവന ചെയ്യുക. സാദ്ധ്യമെങ്കില്‍ നാളെ തന്നെ ആ പേന വാങ്ങുക

കോഴ്സിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ പേന വാങ്ങുന്നതിന് പ്രത്യേകത ഉണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. അതിൻപ്രകാരം കാര്യങ്ങൾ നടത്തണമെന്ന് മനസ്സിൽ ഉറപ്പിക്കുകയും ചെയ്തു. എന്നാൽ അപ്രതീക്ഷിതമായി വന്ന് ചേർന്ന ഒരു യാത്ര മൂലം ജേർണൽ ബുക്ക് വാങ്ങലും വർക്ക് ബുക്ക് പ്രിൻ്റിംഗ് ആൻ്റ് ബൈൻഡിങ്ങ് വൈകിയതിന് ഒപ്പം പേന മേടിക്കലും നടന്നില്ല.
എന്നാൽ ഇന്ന് അക്കാര്യങ്ങൾ എല്ലാം തന്നെ രണ്ട് ദിവസം കഴിഞ്ഞാലും ഭംഗിയായി നടന്നു.
പേന വാങ്ങൽ അൽപ്പം സമയം എടുത്ത് മനസ്സിന് തൃപ്തി വരുന്നത് വരെ സമയം ചെലവഴിച്ച് തന്നെയാണ് വാങ്ങിയത്.
പേന വാങ്ങും നേരം മുമ്പ് പേനകൾ വാങ്ങിയതും കാലങ്ങളോളം കൈമോശം വരാതെ കൊണ്ട് നടന്നതും പലപ്പോഴായി അവ നഷ്ടപെട്ടു പോയതും അപ്പോൾ സങ്കടപെട്ടതും ഓർമ്മയിൽ വന്നു.
അടുത്ത കാലത്ത് ഒരു ഗ്രൂപ്പിൽ സമ്മാനം കൈമാറുന്ന സംഭവത്തിൽ ഒരു വ്യക്തിക്ക് വിലകൂടിയ ഒരു പേന സമ്മാനിച്ചത് ഓർമ്മ വന്നു.
എപ്പോഴും നഷ്ടപ്പെടുന്നു എന്നതിനാൽ ഞാൻ വ്യക്തിപരമായി ഏറ്റവും വില കുറഞ്ഞ പേനകളാണ് കഴിഞ്ഞ കുറേക്കാലമായി ഉപയോഗിച്ച് പോരുന്നത്. അങ്ങനെ നാളുകൾക്ക് ശേഷമാണ് ഒളിമ്പസ് കോഴ്സിൻ്റെ ഭാഗമായി അൽപ്പം സമയം ചെലവഴിച്ച് ഒരു പേന വാങ്ങുന്നത്.
പേന അനുഭവങ്ങൾ ഒരുപാടുണ്ട്. അവ ഓർത്തെടുത്ത് വൈകാതെ എഴുതി വെക്കണം എന്നുണ്ട്. ഈ തരത്തിൽ ഗതകാലസ്മരണകളിലേക്ക് കൊണ്ട് പോകാൻ ഈ ഒരു നിർദേശം വഴിയൊരുക്കി.
നന്ദി ഒളിമ്പസ് .